ചീനന്‍ പാറയില്‍ ബസ്സിറങ്ങിയപ്പോള്‍ എന്റെ സിരകളില്‍ ഒരു പ്രത്യേക അനുഭൂതി ഒരു ലഹരിയായി പടരുന്നത് പോലെ എനിക്ക് തോന്നി. ജന്മ നാടിനു മാത്രം നല്‍കാന്‍ കഴിയുന്ന ഒരു പ്രത്യേക ലഹരി. ചീനന്‍ പാറ പാടെ മാറിയിരിക്കുന്നു. ഓടിട്ട മൂന്നു പഴയ കെട്ടിടങ്ങള്‍ മാത്രമുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട നാട്ടില്‍ ഇന്ന് കുറെ കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പഴയ കാലത്തിന്റെ സ്മാരകമെന്നോണം വായന ശാല കെട്ടിടം മാത്രമുണ്ട്. അതിനു താഴെയായി സൈദാലിക്കയുടെ ചായക്കടയും, കുമാരേട്ടന്റെ ബാര്‍ബര്‍ ഷോപ്പും. കുമാരേട്ടന്റെ കട ഇപ്പൊ ആരാണാവോ നടത്തുന്നത്? മകന്‍ ശിവനായിരിക്കും. കുമാരേട്ടന്‍ മരിച്ചത് പണ്ട് അന്‍വര്‍ എഴുതി അറിയിച്ചിരുന്നല്ലോ. നാട്ടിലെ വിവരങ്ങള്‍ പണ്ട് അറിയിച്ചിരുന്നത് കൂട്ടുകാരന്‍ അന്‍വര്‍ ആയിരുന്നു . അന്‍വര്‍ ഗള്‍ഫിലേക്ക് പോയതില്‍ പിന്നെ നാട്ടിലെ വിവരങ്ങളൊന്നും അറിയാറില്ലായിരുന്നു. ചായക്കടയ്ക്ക് മുന്നിലൂടെ നടക്കുമ്പോള്‍,ഒരു അപരിചിതനെ കണ്ട മുഖ ഭാവത്തോടെ ആരൊക്കെയോ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഒന്നും ശ്രദ്ധിക്കാതെ ഞാന്‍ അവര്‍ക്ക് മുന്നിലൂടെ നടന്നു നീങ്ങി.
പ്രധാന പാത വിട്ടു, പാടവരമ്പിലൂടെ നടക്കാം. അതാവുമ്പോള്‍ പാടത്തിനപ്പുറം വീടെത്താം. .വെറുതേ നടന്നു നടന്നു ക്ഷീണിക്കേണ്ടല്ലോ. പാടവക്കില്‍ പൂത്തു നില്‍ക്കുന്ന ശീമ കൊന്ന മരത്തിലെ വയലറ്റ് പൂക്കള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടോ ? ഒരു പരിചിത ഭാവത്തോടെയുള്ള ചിരി. പണ്ട് ഞാനും അന്‍വറും രമേശനുമടങ്ങുന്ന മൂവര്‍ സംഘത്തിന്റെ സ്ഥിരം വിളയാട്ടം ഈ ശീമക്കൊന്ന കാടിന്റെ മറവിലായിരുന്നല്ലോ. മീന ചൂടില്‍ കത്തി നില്‍ക്കുന്ന സൂര്യന്‍ ഭൂമിയിലേക്ക് പകര്‍ന്നു നല്‍കുന്ന വെയില് കൊണ്ടു പാടവരമ്പിലൂടെ നടക്കുമ്പോള്‍ മനസ്സിനുള്ളില്‍ പഴയ ഓര്‍മകളുടെ നീല നദി ശക്തമായി ഒഴുകുന്നുണ്ടായിരുന്നു. ഓര്‍മകളുടെ ആ മഹാ നദിയില്‍ പിന്നിട്ട ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങള്‍ ഓളങ്ങളായ് മനസ്സില്‍ അലയടിക്കുന്നു. കൂട്ടു കാരോടോത്തു ഈ പൂങ്ങോട്ട് പാടത്ത് പന്ത് തട്ടി കളിച്ചിരുന്ന പഴയ ബാല്യകാലം. കേശവ വിലാസം ഹൈസ്കൂളിലെ മിടുക്കനായ പഴയ രഘു വെന്ന ബാലന്‍. ഡിഗ്രി വരെ സെന്റ് മേരീസ് കോളേജില്‍ പഠിച്ചു പി.ജി.ക്കു ഡല്‍ഹി ജെ എന്‍ യു കാമ്പസില്‍ സ്കോളര്‍ഷിപ്പോടെ പ്രവേശനം കിട്ടിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന ആഘോഷം .പിന്നീട് ഒരവധിക്കാലത്ത് കൂടെ പഠിച്ചിരുന്ന ഹരിയനക്കാരി പ്രേരണ ശര്‍മ യുടെ കൈ പിടിച്ചു തറവാട്ടിലേക്ക് കയറി വന്നപ്പോഴുണ്ടായ പൊട്ടിത്തെറി. ഇനി ഈ പടി ചവിട്ടരുതെന്ന അച്ഛന്റെ ആക്രോശത്തിനിടയിലും കരയാന്‍ മാത്രം വിധിക്കപ്പെട്ട അമ്മയുടെ നിസഹയതയോടെയുള്ള പൊട്ടിക്കരച്ചില്‍. പ്രേരണയുടെ കൈപിടിച്ച് ഒരു വാശിയോടെ ഞാന്‍ ഇറങ്ങി നടക്കുമ്പോള്‍, പറമ്പിലെ മാവിന്‍ ചോട്ടില്‍ നിസംഗതയോടെ നോക്കി നില്‍ക്കുന്ന മുറപ്പെണ്ണ് ലതയുടെ മുഖം ഇപ്പഴും മനസ്സിലുണ്ട്. ലത ജനിച്ചപ്പോഴേ എനിക്ക് വേണ്ടി പറഞ്ഞുറപ്പിച്ച പെണ്ണായിരുന്നു. വീട്ടുകാര്‍ ഉറപ്പിച്ച ബന്ധത്തിനപ്പുറം ഒരു പ്രണയത്തിന്റെ രീതിയിലേക്ക് ഞങ്ങള്‍ മാറിയിരുന്നില്ല. പക്ഷെ പ്രേരണ യുമായി കയറിച്ചെന്ന ദിവസം ലതയുടെ മുഖത്തുകണ്ട നിസംഗതയില്‍ നിന്ന് എനിക്കെന്തൊക്കെയോ വായിച്ചെടുക്കാമായിരുന്നു.
പിന്നീട് ഒരു ശാപം പോലെ തന്‍റെ ജീവിതത്തില്‍ വിടാതെ പിന്തുടര്‍ന്ന പല ദുരന്തങ്ങളിലും ഇതൊക്കെ എന്റെ മനസ്സിലേക്ക് ഓടിയെത്താറുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും ഇത് അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ അതുമല്ലെങ്കില്‍ ലതയുടെ ശാപമായിരിക്കുമെന്നു പലപ്പോഴും ഒരു കുറ്റബോധം പോലെ മനസ്സില്‍ നീറ്റലായി മാറിയിട്ടും, ഒരിക്കലും ഒന്ന് തിരിച്ചു വരാന്‍ തോന്നിയിരുന്നില്ല. അച്ഛന്‍ മരിച്ചത് അറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷമാണ്. അന്ന് നാട്ടിലേക്ക് പോകാന്‍ പ്രേരണ ഒരുപാടു നിര്‍ബന്ധിച്ചതാണ്. പക്ഷെ എന്റെ മനസ്സ് അനുവദിച്ചില്ല. അതൊരിക്കലും പഴയ വാശിമൂലമായിരുന്നില്ല. ജീവിതത്തില്‍ തീര്‍ത്തും പരാജയപ്പെട്ട ഒരുവന്റെ ഒരു തരം അപകര്‍ഷതാ ബോധം. പിന്നെ അന്ന് ശ്രേയ കാന്‍സര്‍ റിസര്‍ച് സെന്റെരിലെ ഐ സി യു വില്‍ വെച്ച് പ്രേരണ അവസാനമായി പറഞ്ഞതും അതായിരുന്നു. നാട്ടിലേക്ക് തിരിച്ചു പോണമെന്ന്.അവളുടെ മരണത്തിനു ശേഷം ജീവിതത്തില്‍ തീര്‍ത്തും ഒറ്റയ്ക്കായിട്ടും തിരിച്ചു വരാന്‍ എനിക്ക് തോന്നിയില്ല. പക്ഷെ ഇപ്പോള്‍ നീണ്ട പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ഒരു തിരിച്ചു വരവിനു ഒരുങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത് ഡോക്ടര്‍ പസന്തിന്റെ വാക്കുകളാണ്. പ്രേരണയുടെ മരണത്തിനു ശേഷമുള്ള അമിത മദ്യപാനം മൂലം കടുത്ത കരള്‍ രോഗത്തിന് അടിമപ്പെട്ടു ചികിത്സ തേടിയെത്തിയ തന്റെ മുഖത്തു നോക്കി അദ്ദേഹം പറഞ്ഞു ; മിസ്റ്റര്‍ രഘൂ , എന്നോട് ക്ഷമിക്കണം. ഇനി ഈശ്വരന്‍ മാര്‍ക്ക് മാത്രമേ നിങ്ങളെ രക്ഷിക്കാന്‍ കഴിയൂ... അന്ന് മുതല്‍ തീരുമാനിച്ചതാണ് ജീവിതത്തിന്റെ ഈ അസ്തമയം എന്റെ അമ്മയുടെ മടിയില്‍ തല വെച്ചായിരിക്കണം എന്ന്. ലോകത്തില്‍ ഒരു മനുഷ്യന് ഏറ്റവും സുരക്ഷിതമായ സ്ഥലം സ്വന്തം അമ്മയുടെ മടിത്തട്ടാണെന്ന് തിരിച്ചറിവ് വരാന്‍ ഞാന്‍ ഒരുപാട് വൈകിയിരുന്നു.
പാടവരമ്പു അവസാനിക്കുന്നിടത്ത് ചെറിയൊരു തോടുണ്ട് . തോട്ടില്‍ പൂത്തു നില്‍ക്കുന്ന ആമ്പല്‍ ചെടികള്‍ . തോടിനു കുറുകെയുള്ള ചെറിയ കൊണ്ക്രീറ്റു പാലം. പണ്ടിവിടെ ഒരു മരപ്പാലമായിരുന്നു . ഞാനും അന്‍വറും രമേശനും ആ മരപ്പാലത്തിലിരുന്നു എത്രയോ വട്ടം ചൂണ്ടലിട്ടു മീനിനെ പിടിച്ചിരുന്നു. ലതയ്ക്ക് ആമ്പല്‍ പൂക്കള്‍ പറിക്കാന്‍ ഞാനെത്രവട്ടം ഈ തോട്ടിലിറങ്ങിയിട്ടുണ്ട് .
പറമ്പിലൂടെ നടന്നു വീടുമുട്ടത് കയറിയപ്പോള്‍ അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടം . എന്നെ കണ്ട മുഖങ്ങളില്‍ ആശ്ചര്യം മിന്നിമറയുന്നത് ഞാന്‍ കണ്ടു . സേതുവേട്ടന്‍ വന്നു എന്റെ കൈ കവര്‍ന്നു. പിന്നെ എന്നെയും കൂട്ടി.വീട്ടിനുള്ളിലെ തെക്കേ മുറിയിലേക്ക് നടന്നു. മുറിയില്‍ കട്ടിലില്‍ അവശതയോടെ കണ്ണടച്ച് കിടക്കുന്ന എന്റെ അമ്മ. അവസാനത്തെ ശ്വാസം കഴിക്കാന്‍ കഷ്ടപ്പെടുന്ന കാഴ്ച എന്റെ ഹൃദയത്തില്‍ ഒരു പിടച്ചിലായി മാറി. എന്റെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീര്‍ എന്റെ കാഴ്ചകള്‍ക്ക് മങ്ങലെല്‍പ്പിക്കുന്നുവോ?
അമ്മേ... അമ്മയുടെ രഘു വന്നമ്മേ ,............ ഞാന്‍ അമ്മയെ മെല്ലെ തോട്ടു വിളിച്ചു . എന്റെ കൈ സ്പര്‍ശിച്ച നിമിഷം അമ്മ മെല്ലെ കണ്ണ് തുറന്നു എന്നെ നോക്കി. ആ കണ്ണില്‍ നിന്നും കണ്ണ്നീര്‍ ഒളിച്ചിരങ്ങുന്നത് ഞാന്‍ കണ്ടു. മാതൃത്വത്തിനു മാത്രം പവിത്രമായ ഒരു പുഞ്ചിരി ആ മുഖത്ത് വിരിയുന്നതുപോലെ എനിക്ക് തോന്നുന്നു. എന്തോ പറയാനെന്ന പോലെ ചുണ്ടാനയ്ക്കാന്‍ ശ്രേമിച്ചു. പക്ഷെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല. പിന്നെ മെല്ലെ കണ്ണുകളടച്ചു . എന്നെന്നേയ്ക്കുമായി.
* * * * * * * * * * * * * * * * * * * * * * *
കര്‍മങ്ങളെല്ലാം കഴിഞ്ഞു . ഇനി ഞാന്‍ എന്തിനിവിടെ നില്‍ക്കണം ? എന്റെ ജീവിതത്തിന്റെ അവസാനം എന്റെ അമ്മയുടെ കൂടെ കഴിയണം എന്ന് കരുതിയാണ് ഞാന്‍ നീണ്ട പന്ത്രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും ഈ മണ്ണിലേയ്ക്കു തിരിച്ചു വന്നത്. പക്ഷെ ഇവിടെ ഇപ്പൊ എന്റെ അമ്മയില്ല. അമ്മയുടെ നിറഞ്ഞ വാത്സല്യമില്ല. ആ കണ്ണുകളില്‍ സദാ കത്തിനിന്നിരുന്ന പ്രതീക്ഷയുടെ വെളിച്ചവും ഇനി ഇല്ല. . ഏതെങ്കിലും നഷ്ടപ്പെടുമ്പോഴാണ് അത് നമുക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്നു നമുക്ക് തിരിച്ചരിവുണ്ടാകുന്നത്. കണ്ണ് പോയാലെ കണ്ണിന്റെ വില അറിയുകയുള്ളൂ.
സേതു വെട്ടന്റെ എതിര്‍പ്പ് വക വെയ്ക്കാതെ ഞാന്‍ തിരിച്ചു പോക്കിനോരുങ്ങി. .ലതയെ കണ്ടു ക്ഷമ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുമായി അവളിപ്പോള്‍ ഗള്‍ഫിലാനെന്ന വാര്‍ത്ത എന്റെ മനസ്സിന്നു സന്തോഷം പകര്‍ന്നു. ഇനി ഞാന്‍ യാത്രയാകുന്നു. തീര്‍ത്തും ഏകനായി, എന്റെ വീടിനെ വിട്ട്, എന്റെ പ്രിയെപ്പെട്ട നാടിനെ വിട്ട്, പൂങ്ങോട്ട് പാടത്തെയും,പടവക്കിനപ്പുരത്തെ ശീമകൊന്ന മരങ്ങളിലെ പൂക്കളേയുമൊക്കെവിട്ട് . ലകഷ്യമില്ലാത്തൊരു യാത്ര. ചിലപ്പോള്‍ ജീവിതത്തില്‍ നിന്നും എന്നേക്കുമുള്ള ഒരു യാത്രയായിരിക്കാം ഇത് .
ആദ്യമായി ഒരു കഥ എഴുതിയതാണ്. ഇതിലെ കുറ്റങ്ങളും കുറവുകളും നിങ്ങള്‍ സത്യസന്ധമായി ചൂണ്ടിക്കാണിച്ചു തരും എന്ന വിശ്വാസത്തിലാണ് ഇത് പോസ്റ്റ് ചെയ്യുന്നത്
ReplyDeleteപൂക്കളും പാടവും നിറഞ്ഞ ശുദ്ധമായ ഗ്രാമീണ തനിമകളിലൂടെ
ReplyDeleteപിന്നെ സ്നേഹത്തിന്റെ ആമ്പല്‍ പൂക്കളുടെ ഭംഗിയും അത് നഷ്ടപ്പെട്ട നൊമ്പരവും
അമ്മയെ അവസാനമായി കാണാനുള്ള ഭാഗ്യവും പിന്നെ എന്നെന്നേക്കുമായി മറയുന്നതും .
ഗ്രാമവും പ്രകൃതിയും പ്രണയവും അമ്മയും നിറഞ്ഞ ഈ കഥ ഹൃദ്യമായി ഇസ്മായീല്‍
എന്‍റെ അഭിനന്ദനങ്ങള്‍
I will come back...
ReplyDeleteവിശദമായി വായിച്ചിട്ട് വിശാലമായി കമന്റ് പറയാന്‍ ഞാന്‍ വീണ്ടും വരാം..
ഇപ്പോള്‍ തിരക്കായതിനാലാണു കെട്ടോ...
katha kollam...pakshe ichiri trithi koodi poyille ????pettunnu theernnupoyathu poloru feeling....
ReplyDeleteആദ്യമായത് കൊണ്ട് കുഴപ്പമില്ല !!
ReplyDeleteആശംസകള്‍ മാഷേ ...
നല്ല കഥ..... ഗ്രാമത്തെ നന്നായി വരച്ചു കാട്ടി .......ഇനിയും തുടരുക
ReplyDeleteആശംസകള്‍ മാഷെ......
എനിക്കിഷ്ടപ്പെട്ടു ഗ്രാമം , വയലും എല്ലാം.. നന്നായിരിക്കുന്നു ഇസ്മായില്‍ ഭായ്.. അവസാന യാത്രയില്‍ ഒന്ന് കൂടി പഞ്ചായിരുന്നു.. ആശംസകള്‍..
ReplyDeleteകൊള്ളാം.നല്ല തുടക്കം..ആഖ്യാന ശൈലി ഒന്നു
ReplyDeleteകൂടി നന്നാക്കാമായിരുന്നു.
സ്പീഡ് കുറച്ചു കൂടിയെങ്കിലും നന്നായിട്ടുണ്ട്...
ReplyDeleteതുടരുക ... ആശംസകള്‍ ...
നന്നായിരിക്കുന്നു മാഷെ
ReplyDeleteആശംസകള്‍
ഏതെങ്കിലും നഷ്ടപ്പെടുമ്പോഴാണ് അത് നമുക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്നു നമുക്ക് തിരിച്ചരിവുണ്ടാകുന്നത്. കണ്ണ് പോയാലെ കണ്ണിന്റെ വില അറിയുകയുള്ളൂ. ഗ്രാമത്തെ വായനക്കാരന്റെ മനസ്സിൽ മായാത്ത രൂപത്തിൽ വരച്ചിടാൻ സാധിച്ചു. ഇതിനെ വിലയിരുത്താൻ മാത്രം അറിവ് ഈയുള്ളവർക്കില്ലെങ്കിലും .. പറയട്ടെ.. ഇത് ഇനിയും നന്നാക്കാമയിരുന്നു.. ചിലപ്പോള്‍ ജീവിതത്തില്‍ നിന്നും എന്നേക്കുമുള്ള ഒരു യാത്രയായിരിക്കാം ഇത് അവസാനം ഒരു രസമില്ലാതെ ആയതു പോലെ... . ചിലപ്പോൾ ജീവിതത്തിൽ പുതിയ പ്രതീക്ഷയുടെ വഴിതുറക്കുന്നതും ആയിക്കൂടെ.. ഇനിയും എഴുതുക ഭാവുകങ്ങൾ...
ReplyDeleteഇസ്മയിലെ കഥ വായിച്ചു .നാട് വിട്ടു തൊഴില്‍ തേടി ബോംബെയിലും ദല്‍ഹിയിലും എല്ലാം എത്തി കുടിയേറി പാര്‍ത്തു അവിടുന്ന് പെണ്ണും കെട്ടി ഗൃഹാതുരതയോടെ ജീവിച്ചു പിന്നെ ഗ്രാമത്തില്‍ വേരുകള്‍ തേടി വരുന്ന ആളുകളുടെ കഥകള്‍ എഴുപതു-എണ്‍പത് കാലത്തെ ക്ലീഷേ ആയിരുന്നു,, എം ടി .മുതല്‍ വലിയവരും ചെറിയവരുമായ ഒട്ടേറെ പേര്‍ ഇങ്ങനെ എഴുതിയും ആളുകള്‍ വായിച്ചും പതം വന്ന ഇതിവൃത്തം . അത് കഴിഞ്ഞു നാല്പതു
ReplyDeleteകൊല്ലം മാറിയില്ലേ .കഥകളിലും ആ മാറ്റം വന്നു .ബ്ലോഗില്‍ എന്തെഴുതിയാലും കൊള്ളാം കൊള്ളാം എന്ന് പറയുന്ന പ്രവണത പ്രോത്സാഹനം അല്ല .എഴുതുന്നയാളെ അത് ഒട്ടും നന്നാക്കില്ല എന്നാണു എന്റെ പക്ഷം .പോയ വര്‍ഷത്തെ പത്തു കഥകള്‍ തപ്പി പിടിച്ചു വായിച്ചു നോക്കൂ (ബ്ലോഗിലെ യല്ല ) അതിന്റെ ഫോര്‍മാറ്റ് എങ്ങിനെയെന്ന് പഠിക്കൂ .പുതിയ ആശയങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കൂ ..എഴുത്ത് പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യട്ടെ ശ്രമം തുടരൂ ..
ഭാര്യക്ക് ക്യാന്‍സര്‍ ,മുറപ്പെണ്ണിനെ വേറെ യാല്‍ കല്യാണം കഴിച്ചു .തിരിച്ചു വന്ന ദിവസം തന്നെ മുറ്റത്ത് ആള്‍ക്കൂട്ടം (കാത്തിരുന്ന മകനെ കണ്ട് അമ്മ കണ്ണടച്ചു!!) അമ്മെ ഞാന്‍ വന്നു അമ്മെ എന്ന് നസീര്‍ സ്റ്റൈല്‍ ഡയലോഗ് ..പോലും .എല്ലാം പഴയത് തന്നെ ..തുറന്നു പറയാന്‍ പറഞ്ഞത് കൊണ്ട്
പറഞ്ഞതാണേ ..പുതിയ ശൈലിയും കാര്യങ്ങളുമായി കഥകള്‍ എഴുതൂ ..
ആശംസകള്‍ ..
ഇസ്മായീല്‍ ഭായീ...കഥ കൊള്ളാം പക്ഷെ അവതരണം കുറച്ചു നന്നാക്കാനുണ്ട് എന്ന് തോന്നുന്നു..ഞാന്‍ ആളല്ല പറയാന്‍ എങ്കിലും..ഇത് ഒരു പ്രവാസി എഴുത്തുകാരന്‍ എഴുതിയത് കൊണ്ട് ആണ് അല്ലെ ഒരു ഗൃഹാതുരത്വം കാണുന്നു...ഇനിയും എഴുതൂ..ആശംസകള്‍..
ReplyDeleteഗ്രാമാക്കാഴ്ചകളൊക്കെ കൊള്ളാമെങ്കിലും കഥക്ക് വലിയ പുതുമ തോന്നുന്നില്ല. എത്രയോ സിനിമകളിൽ ഇതുപോലുള്ള അന്ത്യം കണ്ടിരിക്കുന്നു.. ഇതെല്ലാം പഴയ അന്ത്യം.
ReplyDeleteനന്നായെഴുതാൻ കഴിയും...
തുടങ്ങിയതല്ലേയുള്ളു....
(ഇതൊന്നും ആധികാരികമായി പറയാൻ ഞാനാളല്ലാട്ടൊ...
അന്ത്യം ഇത്തരത്തിലായതു കൊണ്ട് പറഞ്ഞൂന്നേയുള്ളു.)
നന്നായിരീക്കുന്നു...എകാന്തതയുടെ ഒരു ഫീൽ തരാൻ പറ്റി...യാത്ര തുടരട്ടെ!
ReplyDeleteആശംസകള്‍
ReplyDeleteഇതൊക്കെ പറയാന്‍ പിന്നെ ആരൊക്കെയാ ആള്‍ക്കാര്‍ ?
ReplyDeleteആദ്യ കഥ എന്ന നിലയില്‍ നന്നായിട്ടുണ്ട്. ശ്രമം തുടരുമല്ലൊ.
ReplyDeleteനന്നായിട്ടുണ്ട് ,,,,ആശംസകള്‍....
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട് ...നല്ല ശൈലി തന്നെ ..
ReplyDeleteവീണ്ടും എഴുതുക ...രമേഷ്ജി പറഞ്ഞത് പോലെ
വായിക്കുക ..ആശയം തന്നെ വരും ...ആശംസകള്‍
rameshji:-ഓരോ പോസ്റ്റിലും ഓരോ പോസുകള്‍ ..സിനിമയില്‍
ചാന്‍സ് വല്ലതും വന്നോ ?ബ്ലോഗ് വിറ്റ് വെള്ളിതിരക്ക്
പോകല്ലേ ..ഞങ്ങള്‍ക്ക് വിഷമം ആവും ....
This comment has been removed by the author.
ReplyDeleteഗ്രാമാക്കാഴ്ചകളൊക്കെ കൊള്ളാമെങ്കിലും കഥക്ക് വലിയ പുതുമ തോന്നുന്നില്ല. എത്രയോ സിനിമകളിൽ ഇതുപോലുള്ള അന്ത്യം കണ്ടിരിക്കുന്നു.. ഇതെല്ലാം പഴയ അന്ത്യം.
ReplyDeleteനന്നായെഴുതാൻ കഴിയും...
മുകളിൽ വി,കെ ഇട്ട കമന്റാണു...ഇത് തന്നെയാണു എനിക്കും തോന്നിയത്.നല്ല നിരീക്ഷണ പാടവവും അവതരണ ശൈലിയും താങ്കൾക്കുണ്ട് ( എനിക്കില്ലാത്തത്.അതാ.)
..ആ കണ്ണില്‍ നിന്നും കണ്ണ്നീര്‍ ഒളിച്ചിരങ്ങുന്നത് ഞാന്‍ കണ്ടു.
വായിച്ച് വായിച്ച് ഇവിടെയെത്തിയപ്പോൾ എല്ലാ മൂഡും പോയി.,ഇവിടുന്നങ്ങോട്ട് അക്ഷരത്തെറ്റുകൾ ഒരു പാട് കടന്ന് കൂടിയിട്ടുണ്ട്.
അഭിനന്ദനങ്ങൾ
ആദ്യ കഥ എന്നതിനാല്‍ തുടര്‍ന്നെഴുതുമ്പോള്‍ ആശയം വന്നോളും. രമേശ്‌മാഷ് പറഞ്ഞത് പോലെ പുതിയ കഥകള്‍ നമ്മള്‍ ഇനിയും കൂടുതല്‍ വായിക്കേണ്ടിയിരിക്കുന്നു എന്നാണ് ഞാനും കരുതുന്നത്.
ReplyDeleteവിന്‍സെന്റ് പറഞ്ഞത് പോലെ ഈ ആള്‍മാറാട്ടം നടത്തിക്കൊണ്ടിരിക്കുന്നത് എന്തിനാണാവോ രമേഷ്ജി.
@വിന്‍സന്റ് ,@രാംജി ,ബ്ലോഗിലല്ലേ ഈ സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ പറ്റൂ.ഞാന്‍ എഴുതുന്ന പത്രം പോലും ഈ വേഷംകെട്ടുമായി ചെന്നാല്‍ ഓടിച്ചു വിടും :)(ഗ്ലാമര്‍ ച്ചിരി കൂടിയാലും കുഴപ്പമാണല്ലോ എന്റീശ്വരാ ..:)
ReplyDeleteഒരു തുടക്കം എന്ന നിലയിൽ നന്നായി. കൂടുതൽ നല്ല കഥകൾക്ക് ആശംസകൾ.
ReplyDeleteവായനക്കാരൻ എന്നും പുതുമയാണ് ആഗ്രഹിക്കുന്നത് .എഴുത്തിൽ പുതുമയുണ്ടങ്കിൽ തീർച്ചയായും അതു കൂടുതൽ ആൾക്കാർ വായിക്കപെടും. അതിൽ തുടക്കകാർ എന്നോ പഴമക്കാർ എന്നൊയില്ല
ReplyDeleteനന്നായിരിക്കുന്നു..വളരെ.
ReplyDeleteകൂമ്മന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ രവിക്ക് ആ സ്ഥലം പരിചിതമായി തോന്നിയിരുന്നില്ല
ReplyDelete:ഖസാക്കിന്റെ ഇതിഹാസം.
ആദ്യ വരി അറിയാതെ ഓര്‍മയില്‍ വന്നു, നന്ദി ഇസ്മയില്‍ സാഹിബ്
തുടക്കം മോശമല്ല. ശ്രമം അഭിനന്ദനാര്‍ഹം. കൂടുതല്‍ പ്രസകതി ഗ്രാമസൗന്ദര്യത്തിന് കൊടുത്തു. പറയാന്‍ കാരണമെന്താണെന്ന് മനസ്സിലായോ? മടിയില്‍ കിടന്ന് മരിച്ച അമ്മയെ പറ്റി, അമ്മ തനിക്ക് തന്ന സ്നേഹത്തെ പറ്റി ഒന്നും പറഞ്ഞില്ല. എന്റെ അഭിപ്രായമാണേ..
ReplyDeleteഇസ്മായീല്‍ ഭായ് വരാന്‍ ഒരുപാട് വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. അറിയാമല്ലോ ഇപ്പോഴത്തെ അവസ്ഥ. പുതിയ പോസ്റ്റ് ഇടുംബോള്‍ മെയില്‍ അയക്കുക.
കഥ നന്നായിട്ടുണ്ട് കേട്ടോ...തുടരുക, ആശംസകള്‍!
ReplyDeleteപാടവും തോടും ഒക്കെ നിറഞ്ഞ ഗ്രാമീണക്കാഴ്ചകള്‍ നിറഞ്ഞ കഥ നന്നായി.
ReplyDeleteതുടരുക ഇസ്മായില്‍ , ആശംസകള്‍ ...!
എഴുതും തോറും നന്നായി വരും ഇസ്മയില്‍ ..ഒഴുക്കുള്ള ഭാഷ എന്നാലും അത് സമകാലീകമാക്കേണ്ടതുണ്ട്..വിഷയങ്ങളും പുതുമയുള്ളത് കണ്ടെത്തണം വിമര്‍ശനമായി കരുതരുത് അഭിപ്രായം തുറന്നെഴുതിയെന്നുമാത്രം ..എല്ലാ വിധ ആശംസകളും..
ReplyDelete@@
ReplyDeleteകൊള്ളില്ല. മോശം. വളരെ മോശം..!
(എന്നൊന്നും കണ്ണൂരാന്‍ പറയില്ല. എഴുതിവരുമ്പോള്‍ ശരിയാകും. ഹും, എഴുതിക്കോ)
നോസ്റ്റാൾജ്യാ...
ReplyDeleteകഥയുടെ കൂടെ ഞാനു നടന്നു..
ലോകത്ത് ആരും എഴുത്തുകാരനായല്ല ജനിക്കുന്നത്.
പ്രയത്നനങ്ങളാണ് പ്രതിഭകളെ സൃഷ്ടിക്കുന്നത്.
ഇനിയും എഴുതുക.
അഭിനന്ദനം
ഉം. വണ്ടി എവിടെലും കൊണ്ടേ നിര്‍ത്തിയോ എന്നറിയാനാ കയറി നോക്കിയത്. ഇന്നും ബ്രെക്കിട്ടിട്ടില്ലേല്‍ ബോംബ് വെക്കണം എന്നു കരുതിയാ വന്നത്.അപ്പോ ഇതാ ഒരു കിടിലന്‍ കഥ.
ReplyDeleteനന്നായിട്ടുണ്ട് കേട്ടൊ.ഒരുപാട് വായിക്കൂ...ആശംസകളോടെ,
ചെമ്മാടാ കഥ കളര്‍ ആയിട്ടുന്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു ചീനന്‍ പാറ യില്‍ നിന്ന് ഇനിയും വരട്ടെ മലയാള ബ്ലോഗിന് മഹത്തായ ചെമ്മാടന്‍ കഥകള്‍
ReplyDeleteപറയത്തക്ക ഒരു കുറ്റവും കഥയ്ക്കില്ല.ചിലര്‍ക്ക് പുതുമയായി തോന്നുന്നത് ചിലര്‍ക്ക് നൂറാവര്‍ത്തി പറഞ്ഞതാണെന്നു തോന്നും.സ്വാഭാവികം.എന്നിരുന്നാലും നല്ല വായന നല്ല നല്ല കഥകളും മറ്റുമെഴുതാന്‍ പ്രചോദനമാകും.ആശംസകള്‍
ReplyDeleteഎന്നാലും കഥാകൃത്തേ, ചുമ്മാ കഥകൾ എഴുതുക കഥാപാത്രങ്ങളെ സൃഷ്ടിക്കുക, എന്നിട്ട് അവരെ കൊല്ലുക.കൊന്നു രസിക്കുക. ഞാൻ എന്ന താങ്കൾ മാത്രം ജീവിച്ചിരിക്കുക. ആ പ്രേരണക്കൊച്ചിനെ നിങ്ങൾ കൊന്നു കളഞ്ഞു അല്ലേ? താങ്കൾക്ക് കഥയിൽ നിന്നും പിന്മാറാൻ അച്ഛനെയും ഒടുവിൽ അമ്മയെയും വരെ നിങ്ങൾ മരിപ്പിച്ചു.ഇടയ്ക്ക് നിങ്ങളെത്തന്നെ നിങ്ങൽ അങ്ങു കൊന്നു കളഞ്ഞെങ്കിൽ ഈ കഥ വായിച്ച് നമ്മൾ മരിക്കേണ്ടി വരുമായിരുന്നില്ലല്ലോ. മദ്യപാനം മൂലമുള്ള ആ കരൾ രോഗമോ മറ്റോ നിമിത്തമാക്കി താങ്കൾക്കും മുമ്പേ മരിക്കാവുന്നതേ ള്ളായിരുന്നു. അല്ല,ഭൂമിയിൽ എല്ലാവരും മരിക്കും. പക്ഷെ നമ്മൾ മരിക്കില്ലല്ലോ അല്ലേ? ഹഹഹ! എന്തായാലും ആ ലതയെ കല്യാണം കഴിപ്പിച്ചുവെന്നും അവർ കുട്ടികളുമായി സുഖമായി ഇരിക്കുന്നുവെന്നും എഴുതിയില്ലെങ്കിൽ കഥാകൃത്തിനു മന:സമാധാനമുണ്ടാകുമായിരുന്നില്ല, അല്ലേ? അവരെയെങ്കിലും കൊല്ലാതെ വിട്ടത് നന്നായി!
ReplyDeleteചെമ്മാട്, കഥ നന്നായിട്ടുണ്ട്.വിമർശനങ്ങൾക്ക് അതീതമാക്കാവുന്ന ഒരു രചനയും ലോകത്തുതന്നെ ഇല്ല. ധൈര്യമായി എഴുതിക്കോളൂ. ആശംസകൾ!
ആദ്യ കഥ എന്ന നിലയില്‍ അഭിനന്ദാര്‍ഹം ഇനിയും kathayezhuth thudaroo...
ReplyDeleteകേട്ട് പഴകിയ തീം, അല്പം വേഗത...
ReplyDeleteവേറെ കുറ്റങ്ങളൊന്നും എനിക്ക് തോന്നിയില്ല..
ആദ്യ ശ്രമമല്ലേ....?സാരമില്ല ഇനിയും എഴുതൂ....
എല്ലാം ശരിയാവും.ആശംസകള്‍
ആദ്യ കഥയാണെന്നൊന്നും പറയില്ല ട്ടോ!
ReplyDeleteഇനിയും എഴുതൂ! ഞാന്‍ ഈ ബ്ലോഗില്‍ ആദ്യമാ!
ബൂലോകത്തില്‍ കന്നിക്കാരനും!
കാണാം! അഭിനന്ദനങ്ങള്‍!
www.chemmaran.blogspot.com
എല്ലായഭിപ്രായങ്ങളും വളമായി സ്വീകരിക്കൂ....
ReplyDeleteപിന്നീട് തഴച്ചുവളരാനുള്ള സാധ്യതകൾ കാണുന്നുണ്ട് കേട്ടൊ ഭായ്
ഇത് കുഴപ്പമില്ല.
ReplyDeleteമനസ്സിലുള്ള കഥകള്‍ താങ്കള്‍ക്കിഷ്ടപ്പെട്ട പോലെ എഴുതുക. അതാണ് ബ്ലോഗു. സാഹിത്യം വന്നിട്ടൊന്നുമെഴുതാന്‍ ഒക്കില്ല.
ആശംസകളോടെ
ഇസ്മായില്‍ ഭായ്.. കഥാലോകത്തേക്ക് പുതിയൊരു കാല്‍വെപ്പ്.. ആശംസകള്‍... മുകളില്‍ ഗുരുസ്ഥാനീയര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ശിരസ്സാവഹിച്ച് മുന്നോട്ടുപോകുക. പുതിയ മികച്ച സാഹിത്യരചനകള്‍ സംഭാവനചെയ്യാന്‍ കഴിയട്ടെ. എല്ലാ നന്മകളും നേരുന്നു.:)
ReplyDeleteഇസ്മയിൽ, നല്ല ശ്രമം...!
ReplyDeleteവ്യത്യസ്തമായ ശൈലിയിൽ
ഘടനയിൽ, പുതുമകളോടെ
തുടർന്നെഴുതൂ...
ആശംസകളോടെ.....
ഗ്രാമത്തിന്റെ ഭംഗിയും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളും കോര്‍ത്തിണക്കി കൊണ്ടുള്ള കഥ മനസ്സില്‍ തട്ടി.നന്നായി ചെമ്മാടാ.
ReplyDeleteനമ്മുടെ പരിസരങ്ങളില്‍ നിന്നും ബ്ലോഗ്ഗര്‍ മാരെ കാണാറേ ഇല്ല, ഇസ്മായില്‍ ബായ് എഴുതിക്കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരനുഭൂതി തോന്നാറുണ്ട്.... നമ്മുടെ പരിസരങ്ങളിലെ കൊച്ചു കൊച്ചു വിഷയങ്ങള്‍ എന്തൊക്കെയോ ഉണ്ടല്ലോ.. സമയം കിട്ടുമ്പോള്‍ അതൊക്കെ ഓരോന്ന് കോര്‍ത്തിണക്കി എഴുതി നോക്കൂ... പുതുമകള്‍ രംഗത്തിറങ്ങുന്നത് ഒരു പക്ഷെ അങ്ങിനെയായിരിക്കും... എഴുതാനുള്ള വാസന അത് അത്യാവശ്യത്തിനു ഉണ്ടല്ലോ... കൊച്ചു കാര്യങ്ങളില്‍ വലിയ വിഷയങ്ങള്‍ കണ്ടെത്തുമ്പോള്‍.... വായനക്കര്‍ക്കൊരു പുതുമ നളകുന്നതിലൂടെ.... ചെമ്മാട് എക്സ്പ്രസ്സ് അതിവെകത്തില്‍ മുന്നോട്ട് പോവും... എല്ലാ ഭാവുകങ്ങളും... നേരുന്നു...
ReplyDeleteസസ്നേഹം
ഹബീബ് Tirurangadi
Singapore
ആദ്യ കഥ എന്നുള്ള നിലയില്‍ നല്ല തുടക്കം.അരൂര്‍ സാറിന്റെ കമന്റു ശ്രദ്ധിക്കുക.നല്ല ഒരു ദിശാബോധം കിട്ടും.പക്ഷെ കണ്ണൂരാനെ നോക്കിക്കോണേ.
ReplyDeletehahahha
ReplyDeleteഇസ്മയില്‍ക്കാ എഴുതി എഴുതി ഇപ്പൊ കഥയും എഴുതി തുടങ്ങി അല്ലെ .. ഞാന്‍ വരാന്‍ വൈകി ... :(
ReplyDeleteഎനിക്ക് കഥ ഇഷ്ടായി... പിന്നെ വിവരം ഉള്ളവര്‍ കുറവുകള്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ... അതും കൂടി ശ്രദ്ധിച്ചു ധൈര്യമായി എഴുത്ത് തുടരൂ... എല്ലാ ആശംസകളും....
ReplyDeleteപ്രിയ ഇസ്മായില്‍. ആദ്യമായി കഥ എഴുതുമ്പോള്‍ ഉണ്ടാകുന്ന കുറവുകള്‍ ഈ കഥയ്ക്ക് ഉണ്ടായില്ല എന്ന് തന്നെ പറയട്ടെ.
ReplyDeleteലളിതമായ ഭാഷയില്‍ വളരെ അടുക്കോടെ പറഞ്ഞ ഈ കഥയില്‍ ഒരു ഗ്രാമത്തെയും താളം തെറ്റിയ നായകന്‍റെ ജീവിതത്തെയും വായനക്കാരുടെ മനസ്സിലേക്ക് കൊണ്ട് വരാന്‍ താങ്കള്‍ക്കു കഴിഞ്ഞു. വായനയില്‍ എവിടെയും ഒരു മുഷിപ്പ് തോന്നിയില്ല. അത് തന്നെ കഥയുടെ പകുതി വിജയമാണ്. പിന്നെ തിരഞ്ഞെടുത്ത പ്രമേയത്തിലാണ് പ്രശ്നം. ഒരു ചെറുകഥക്ക് ഉള്‍കൊള്ളാന്‍ ആവുന്ന പ്രമേയം ആയിരിക്കണം കഥയ്ക്ക് തിരഞ്ഞെടുക്കേണ്ടത്. ഒരു ജീവിതം മുഴുവന്‍ ഒരു ചെറുകഥയില്‍ കൊണ്ട് വരാന്‍ ശ്രമിച്ചാല്‍ കഥ ഭംഗിയായി പറയാന്‍ കഴിയില്ല. ആ ഒരു കുറവ് ഒഴിച്ചാല്‍ കഥക്ക് വലിയ അപാകത ഒന്നും ഇല്ല.
അപ്പോള്‍ ആദ്യ കഥ പകുതി വിജയിച്ചു എങ്കില്‍ ഇനി എഴുതണം. അടുത്ത കഥ നന്നാവും. ഭാവുകങ്ങള്‍.
ഇനിയും എഴുതുക, എഴുത്ത് ഒരു നിത്യഭ്യാസം മാത്രമാണെന്ന് പറഞ്ഞ എം പി നാരായണപിള്ളയെ ഓർമ്മിയ്ക്കുക. ധാരാളം വായിയ്ക്കുക.... എല്ലാ ആശംസകളും
ReplyDeleteആദ്യ കഥ ഗ്രാമ്യമായ സൌന്ദര്യം തുളുമ്പുന്നതായി.
ReplyDeleteഞാന്‍ പ്രധാനമായും ലേഖനങ്ങളാണെഴുതാറ്. കൂട്ടത്തില്‍ കൊച്ചുകഥകളും എഴുതാറുണ്ട്. അതുകൊണ്ടുതന്നെ കൊച്ചുകഥകളില്‍ അത്രമാത്രം തെറ്റും കാണില്ല. ആദ്യം കൊച്ചുകഥകളെഴുതി നോക്കൂ. അങ്ങനെയങ്ങനെ പരുവമായി വലിയ കഥകളെഴുതാം. ബ്‌ളഡ് ക്യാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍, മദ്യപാനം,പെണ്ണിനെ ചാടിച്ചുകൊണ്ടുവരല്‍, അച്ഛന്റെ പുറത്താക്കല്‍, കാത്തിരിപ്പ്, മരണം-ഇവയുടെയൊക്കെ ഒരു കുത്തൊഴുക്കായിരുന്നു സിനിമകളിലും വാരികകളിലെ നീണ്ടകഥകളിലുമൊക്കെ. കഥയെക്കുറിച്ച് ആധികാരികമായി പറയാന്‍ ഞാനാള്ളല്ലായെങ്കിലും സുമുഖനും ചെറുപ്പക്കാരനുമായ ചെമ്മാട്ടുകാരനോട് ഒന്നു പറഞ്ഞോട്ടെ,താങ്കള്‍ താങ്കളുടെതായ ശൈലിയില്‍ പുതിയ ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കഥകളെഴുതുക. താങ്കള്‍ക്ക് താങ്കളുടെതായ ഒരു ഭാഷയുണ്ട്. ആശംസകള്‍!
ReplyDeleteകഥ എഴുതാന്‍ ഉള്ള ഈ മനസ്സു നഷ്ടപ്പെടുത്താതിരുന്നാല്‍ മതി. നല്ല കഥകള്‍ താന്നെ വരും. ഇതിവൃത്തം പുതിയതല്ലെന്കിലും നന്നായി അവതിരിപ്പിച്ചു. ആശംസകള്‍
ReplyDeleteതുടക്കം ഗംഭീരം.......ആശംസകള്‍........
ReplyDeleteആദ്യ കഥ നന്നായിട്ടുണ്ട്... കൂടുതല്‍ പുതുമകളോടെ അടുത്ത കഥയില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക.. ആശംസകള്‍...
ReplyDelete